ഹൃദയത്തില്‍ തട്ടിയ വാക്കുകള്‍

വേനല്‍ വറുതികള്‍ എല്ലാവരേയും തളര്‍ത്തിയിരിക്കുന്നു.ചിലര്‍ പ്രകൃതിയെ കുറ്റപ്പെടുത്തുന്നു.ചിലര്‍ പ്രകൃതിയെ നശിപ്പിച്ച മനുഷ്യപ്രവൃത്തികളെ കുറ്റപ്പെടുത്തുന്നു.ചിലര്‍ നിശ്ശബ്ദരായി പ്രാര്‍ഥിക്കുന്നു. ചിലര്‍ മൂകരായി എല്ലാം കണ്ടു നില്‍ക്കുന്നു.

മഴ പെയ്യുന്നില്ല.ഒരു മഴപെയ്തിരുന്നെങ്കില്‍ അതിന്റെ സന്തോഷം എല്ലാവരുടെ ഉള്ളിലും മുഖത്തും ഉണ്ടാകും.ആ സൌഭാഗ്യം പ്രകൃതിയെ നശിപ്പിച്ചവനും സംരക്ഷിച്ചവനും എല്ലാം തുല്യമായി അനുഭവിക്കും.പ്രകൃതിക്ക് ആരോടും പകയും പക്ഷഭേദവുമില്ല.സര്‍വ്വസമത്വമാണ് അതിന്റെ സ്ഥായിയായ ഭാവം.

സര്‍വ്വസമത്വമാണ് കാലത്തിന്റെയും ഭാവം.പൃകൃതിയേയും കാലത്തേയും ഒക്കെ ദൈവത്തിന്‍റെ കാരുണ്യമായി വിശ്വസിക്കുന്നതും അതുകൊണ്ടാണ്.അതുകൊണ്ടാണ് വിശ്വാസികള്‍ കാലത്തിന്റെ കനിവിനുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്.മഴക്കുവേണ്ടിയുള്ള ചില പ്രത്യേകപ്രാര്‍ഥനകളും കര്‍മ്മങ്ങളും വരെ എല്ലാ വിഭാഗങ്ങളിലും കാണാം.

എല്ലാ സദ്കര്‍മ്മങ്ങളും പ്രാര്‍ഥനകളാണ്.എല്ലാ ദാനദര്‍മ്മങ്ങളും പ്രാര്‍ഥനകളാണ്.നല്ല വാക്കുകള്‍ പറയുന്നതും പ്രചരിപ്പിക്കുന്നതും കേള്‍ക്കുന്നതും ഉള്‍ക്കൊള്ളുന്നതും പ്രാര്‍ഥനകള്‍ തന്നെ.പ്രകൃതി ചൂഷണത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തിയാലും ഒരു ലേഖനമെഴുതിയാലും കഥയോ കവിതയോ രചിച്ചാലും അത് പ്രാര്‍ഥനകളുടെ സാമാന്യഗുണങ്ങള്‍ അനുഭവിക്കാന്‍ അര്‍ഹതയുള്ള സദ്പ്രവര്‍ത്തികള്‍ ത്തന്നെയാണ്.

കഴിഞ്ഞ വെള്ളിയാഴച്ച ഇരിങ്കൂറ്റൂര്‍ പള്ളിയിലെ ജുമുഅ പ്രാര്‍ഥനക്ക് മുമ്പ് അവിടത്തെ പുതിയ ഖത്തീബ് മഴയില്ലായ്മയെക്കുറിച്ചും പൃകൃതിയോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതയെക്കുറിച്ചും ഒക്കെ ഏതാനും  വാക്കുകളില്‍ വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.മനുഷ്യര്‍ സല്‍ക്കര്‍മ്മങ്ങളില്‍ നിന്നും അകന്നുപോകുന്നതാണ് വന്നുചേരുന്ന പ്രയാസങ്ങള്‍ക്കെല്ലാം മൂലകാരണമായിത്തീരുന്നതെന്ന് ഓര്‍മ്മിപ്പിക്കുകയും വിശുദ്ധ ഖുറാനിലെ ചില ആയത്തുകള്‍ വിശദീകരിച്ച് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്തു.

സഹൃദയനായ ആ ഖത്തീബ് ഈ പ്രസംഗത്തിന്റെ തുടക്കത്തില്‍ ചൊല്ലിയ രണ്ടു വരികളാണ് ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.അത് ഒരു പള്ളിയില്‍ നിന്നും ഇതുവരെ കേള്‍ക്കാത്ത രണ്ടു വരികളായിരുന്നു .അല്ലെങ്കില്‍ ഞങ്ങളെപ്പോലെയുള്ള  ഒരാള്‍ക്കൂട്ടത്തിലേക്ക് അതുവരെ അവിടെ വന്നവരാരും പറയാന്‍ ശ്രമിച്ചിട്ടില്ലാത്ത രണ്ടു വരികള്‍ .

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന-
മൃതിയില്‍ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.

ഒഎന്‍വി യുടെ പ്രസിദ്ധമായ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയുടെ ആദ്യവരികളാണ് അവിടെ കേട്ടത്.വര്‍ത്തമാനകാലത്തിലെ ദുരവസ്ഥക്ക് കാരണമായ മനുഷ്യചെയ്തികളെക്കുറിച്ചു ഉല്‍ക്കണ്ഠ പങ്കുവക്കുന്ന അര്‍ത്ഥവത്തായ വരികള്‍ ..

പ്രകൃതിയോടും അതിലെ ജീവജാലങ്ങളോടും ചെയ്യുന്ന തെറ്റുകളില്‍ നിന്നും ഇനിയെങ്കിലും നമുക്ക് പിന്തിരിയാം.ദുരന്തങ്ങളില്‍ നിന്നും ഗുണപാഠം ഉള്‍ക്കൊണ്ട് ഇനിയെങ്കിലും മനുഷ്യരായി ജീവിക്കാന്‍ ഓരോരുത്തരും തയ്യാറാകുമെന്ന് പ്രത്യാശിക്കാം.

പ്രകൃതി നമുക്ക് മാപ്പുനല്‍കട്ടെ..

Advertisements
എഴുമങ്ങാട് ഗ്രാമം

മാറുന്ന ചില ചിത്രങ്ങള്‍